ഗാന്ധിമാർഗ്ഗ പ്രവർത്തകരിൽ പ്രമുഖനും ശാന്തിഗ്രാം ചെയർമാനുമായ ആർ.കെ.സുന്ദരം (സുന്ദർജി ) അന്തരിച്ചു

കളിയിക്കാവിള: ഗാന്ധിയൻ ആശയ പ്രചരണ രംഗത്ത് ത്യാഗനിർഭരമായ സേവനം അനുഷ്ഠിച്ച കർമ്മധീരൻ  ശ്രീ.ആർ.കെ.സുന്ദരം (സുന്ദർജി) ഇന്ന് രാത്രി 9 മണിക്ക്  87-ാം വയസിൽ സ്വവസതിയിൽ നിര്യാതനായി. ചപ്പാത്ത് ശാന്തിഗ്രാം ചെയർമാൻ ആയിരുന്നു. ശവസംസ്ക്കാരം ഇന്ന് ( 4 – 2 -18) രാവിലെ 11 മണിക്ക്  കളിയിക്കാവിളയ്ക്ക് സമീപമുള്ള വന്നിയൂർ ശ്രീനികേതനിൽ.
ഭാര്യ: ശ്രീദേവി അമ്മ, മക്കൾ: സുധീർ, സുനിൽ, സുനിത. മരുമക്കൾ: ശ്രീകലാ ദേവി, സിന്ധു കുമാരി.
വിദ്യാർത്ഥിയായിരിക്കേ ഭൂദാന പ്രസ്ഥാനത്തിലൂടെ ഗാന്ധിമാർഗ്ഗത്തിലേയ്ക്ക് വന്ന സുന്ദരം ബീഹാറിലെ  മൊംഗേർ ജില്ലയിൽ ഖാദിഗ്രാം ആശ്രമത്തിൽ ധീരേന്ദ്ര മംജൂംദാറിന്റെ  നേതൃത്വത്തിലുള്ള സമഗ്ര ഗ്രാമ രചനാ പരിശീലന വിദ്യാലയത്തിൽ പരിശീലനം പൂർത്തിയാക്കി. തുടർന്ന് കേരളത്തിൽ ഭൂദാനപ്രസ്ഥാനത്തിന്റെ സംസ്ഥാന കൺവീനർ ഇക്കണ്ട വാര്യരുടെ ക്ഷണപ്രകാരം വടക്കേമല ബാറിൽ ദീർഘകാലം സംഘാടകനായി സേവനം അനുഷ്ടിച്ചു. കെ. കേളപ്പൻ, ഏ.വി.ശ്രീകണ്ഠ പൊതുവാൾ  തുടങ്ങിയ പ്രമുഖ നേതാക്കളോടൊപ്പം കേരളമൊട്ടുക്ക് പ്രവർത്തിച്ചു.
അവിശ്രമ പ്രവർത്തനങ്ങളിലൂടെയും ആവേശം ജ്വലിപ്പിക്കുന്ന ഗാനങ്ങളിലൂടെയും  യുവാക്കളടക്കം അനേകം ആളുകളെ ഗാന്ധിമാർഗ്ഗത്തിലേയ്ക്ക് ആകർഷിച്ചു.
കുറുമ്പനാട് ഡെവലപ്മെന്റ് സൊസൈറ്റി, തിരുനാവായ് ഇൻറൻസീവ് ഏരിയാ സ്കീമിലും 1960 മുതൽ കേരള ഗാന്ധി സ്മാരക നിധിയുടെ തത്വ പ്രചാര വിഭാഗത്തിലും 1967 മുതൽ ഗാന്ധി പീസ് ഫൗണ്ടേഷനിലും പ്രവത്തിച്ചിരുന്നു.
അടിയന്തിരാവസ്ഥക്കാലത്ത് ജെ.പി.പ്രസ്ഥാനത്തിൽ പ്രവർത്തിച്ചതിന് ക്രൂരമായ മർദ്ദനവും ജയിൽവാസവും അനുഭവിക്കേണ്ടി വന്നു.
തുടർന്ന് ആരോഗ്യവും സാമ്പത്തിക സ്ഥിതിയും തകർന്നെങ്കിലും അതൊന്നും വകവയ്ക്കാതെ മനോ വാക് കർമ്മങ്ങളിൽ ഗാന്ധിമാർഗം അനുഷ്ഠിച്ച് പോന്നിരുന്നു.
 ബന്ധപ്പെടാനുള്ള നമ്പർ: 09486315309

Comments

comments