സ്വാസ്ഥ്യ കേരളം ചെയിഞ്ച് മേക്കേഴ്സ് പരിശീലക പരിശീലനം ആരംഭിച്ചു
ജനാധിപത്യവും സ്വാതന്ത്ര്യവും യാഥാർത്ഥ്യമാവണമെങ്കിൽ പഞ്ചായത്തീരാജ് സംവിധാനത്തിൽ ജനകീയ സന്നദ്ധ സംഘടനകളുടെ സജീവ ഇടപെടൽ അനിവാര്യമാണെന്ന് കില ഡയറക്ടർ ഡോ. ജോയ് ഇളമൺ അഭിപ്രായപ്പെട്ടു. ചപ്പാത്ത് ശാന്തിഗ്രാമിന്റെ മുപ്പതാം വാർഷികത്തോടനുബന്ധിച്ച് ശാന്തിഗ്രാം സ്വരാജ്ഭവനിൽ നടന്ന സന്നദ്ധ സംഘടനാ പ്രവർത്തകരുടെ സംസ്ഥാനതല കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആരോഗ്യ, ഭക്ഷ്യ പാരിസ്ഥിതിക സുരക്ഷ കടപുഴക്കുന്ന ഇന്ത്യൻ വികസന സങ്കല്പങ്ങൾ നാശത്തിലേക്ക് നയിക്കുമെന്ന് സ്വരാജ് ദേശീയ കൺവീനറും ഗോവ പീസ് ഫുൾ സൊസൈറ്റി ഡയറക്ടറുമായ കുമാർ കലാനന്ദ് മണി ശാന്തിഗ്രാം മുപ്പതാം വാർഷികം ഉദ്ഘാടനം ചെയ്തു കൊണ്ട് നടത്തിയ സ്വാതന്ത്ര്യദിന സന്ദേശത്തിൽ അഭിപ്രായപ്പെട്ടു.
നല്ല ഭക്ഷണം നല്ല ആരോഗ്യം നല്ല ജീവിതം എന്നിവ ലക്ഷ്യമാക്കിയുള്ള സ്വാസ്ഥ്യ കേരളം പദ്ധതിയുടെ ചെയിഞ്ച് മേക്കേഴ്സ് പരിശീലനവും അദ്ദേഹം ഉദ്ഘാടനം ചെയ്തു. ശാന്തിഗ്രാം ചെയർമാൻ ആർ.കെ.സുന്ദരം അധ്യക്ഷത വഹിച്ചു.
ഇൻഫാക്ട് ഫിമാർക്ക് ഏഷ്യൻ കോ-ഓർഡിനേറ്റർ റോണി ജോസഫ് , സ്വദേശി ആന്ദോളൻ ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി കെ.വി. ബിജു, കാരോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.അനിത, കോട്ടുകാൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്.സജി, സ്റ്റേറ്റ് റിസോർസ് സെൻറർ മീഡിയാ ഓഫീസർ എസ്. ഹരീഷ് കുമാർ, പ്ലാനറ്റ് കേരള എക്സി. ഡയറക്ടർ ആന്റണി കുന്നത്ത്, സ്വരാജ് കേരള കോ-ഓർഡിനേറ്റർ എം.പി.ചന്ദ്രൻ, പാലാ സന്ധ്യാ ഡെവലപ്മെന്റ് സൊസൈറ്റി സെക്രട്ടറി കെ.സി.തങ്കച്ചൻ, തൃശൂർ സേർച്ച് പ്രസിഡന്റ് വി.കെ.ശ്രീധരൻ, കാഞ്ഞങ്ങാട് ഗാന്ധി പീസ്പാർക്ക് സെക്രട്ടറി കെ.കെ. വിജയൻ, വയനാ ട് ആർഷഭാരത് ജോ. ഡയറക്ടർ പി.എം.ദേവ് , സ്നേഹാജി, ദളിത് നേതാവ് കെ. അംബുജാക്ഷൻ, തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു.
കില, നെഹ്‌റു യുവകേന്ദ്ര, തുടങ്ങിയവയുടെ സഹായത്തോടെ നടക്കുന്ന ഹിന്ദ് സ്വരാജ് പുനർവായന (ഭാരതസ്വാതന്ത്യത്തിന്റെ ഭാവിയും പഞ്ചായത്തീരാജും) ശില്പശാലയും സ്വാസ്ഥ്യ കേരളം പരിശീലക പരിശീലനവും ആഗസ്റ്റ് 19 ന് സമാപിക്കും.